Tuesday, March 8, 2011

ന്യൂ ബ്രെയിന്‍സ്..

ഇതാണെന്റെ ട്യൂഷന്‍ സെന്റര്‍, 'ന്യൂ ബ്രെയിന്‍സ്'. പേരുപോലെത്തന്നെയാ, ഒക്കെ നല്ല പുത്തന്‍ പുതിയ തലച്ചോറുകള്‍, ഒട്ടും ഉപയോഗിച്ചിട്ടില്ല. ഇവിടെ പഠിപ്പിക്കുന്ന സാറന്മാരുടേയാണോ അതൊ പഠിയ്ക്കുന്ന കുട്ടികളുടേതാണോ പുതിയ തലച്ചോര്‍ എന്ന കാര്യത്തില്‍ എനിയ്ക്കൊരു ചെറിയ സംശയമുണ്ട്. ഏത് പാഠവും നര്‍മ്മത്തില്‍ ചാലിച്ച് ക്ലാസ്സെടുക്കുന്ന ഇംഗ്ലീഷ് സര്‍, ക്രിക്കറ്റ് ഭ്രാന്തനായ ഹിന്ദി സര്‍, ചൂരല്‍ ബാറ്റും ചോക്ക് ബോളും ആണെന്നാണ് പുള്ളിയുടെ വിചാരം. ഇടയ്ക്ക് ചോക്കുകൊണ്ട് പിള്ളേരെ എറിയുന്നതാണ് പ്രധാന വിനോദം. ഇങ്ങോട്ടെറിഞ്ഞ ചോക്ക് തിരിച്ചെറിഞ്ഞുകൊടുക്കുംബോള്‍ ഡൈവ് ചെയ്യാന്‍ പാകത്തില്‍ വേണം ഇട്ടുകൊടുക്കാന്‍. നേരെ ഇട്ടുകൊടുത്താല്‍ ചൂരല്‍കൊണ്ട് പുള്‍ഷോട്ട് അടിച്ചുകളയും. ഇടയ്ക്ക് ഡ്രാവിടിന്റെ കിടന്ന്മുട്ടും കാണാം. ഏറ്റവും ക്രൂരന്‍ ഇവിടെ കണക്ക് മാഷാണ്. രാവിലെ ഒരു ഗ്ലാസ് ചായന്റെ വെള്ളംകൂടെ കുടിയ്ക്കാതെ ക്ലാസ്സില്‍ വരുന്ന ഞങ്ങളോട് " 'X' ഒരു ബോണ്ടയാണെന്നും 'Y' ഒരു പഴംപൊരിയാണെന്നും കരുതുക" എന്നു പറയുന്ന ആളെ ക്രൂരനെന്നല്ലാതെ എന്തുവിളിയ്ക്കും.

പത്താം ക്ലാസ്സ് ഇവിടെ രണ്ട് ഡിവിഷനുണ്ട്. ഞാന്‍ പത്ത് A യിലാണ്. A എന്ന് വച്ചാല്‍ അടുത്ത വര്‍ഷവും ഇവിടെതന്നെ വരാന്‍ സാധ്യതയുള്ളവര്‍. പത്ത് B, അവിടെ ഉള്ളവരെല്ലാം പഠിപ്പിസ്റ്റുകള്‍. പെണ്‍കുട്ടികള്‍ പഠിക്കണമെന്നില്ല, അത്യാവശ്യം ഗ്ലാമര്‍ ഉണ്ടെങ്കില്‍ പത്ത് B യില്‍ കയറിപറ്റാം. അതാണ് അവര്‍ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി. ഇപ്പോ ക്ലാസ്സില്‍ ഒരു നേരംപോക്കും ഇല്ല. പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക് നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കളിനടക്കുന്നപോലാണ്.

'ഫസ്റ്റ് പിരീഡ് ആരാടാ?' ഞാന്‍ അടുത്തിരിക്കുന്ന പ്രവീണിനോട് ചോദിച്ചു.

'സോമന്‍ മാഷാ... ഇംഗ്ലീഷ്'

'നീ നോക്കിയെഴുത്ത് എഴുതിയോ?'

പ്രവീണ്‍ അഭിമാനത്തോടെ ചിരിച്ച് തല കുലുക്കി.

ചതിയാ... നീ ഇന്നെന്നെ ഒറ്റയ്ക്കാക്കിയല്ലേ? ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരുമാസമായി അലക്കാത്ത ജീന്‍സും ചാക്കുപോലെയുള്ള ഷര്‍ട്ടുമിട്ട് സോമന്‍ മാഷ് ക്ലാസിലേക്ക് കയറിവന്നു.

എല്ലാരും കൂടെ എണീറ്റ്നിന്ന് 'good morning sir' എന്നൊരു പ്രത്യേക ശൈലിയില്‍ പറഞ്ഞു.

'good morning' എന്ന് തിരിച്ചും പറഞ്ഞ് സോമന്‍ മാഷ് കൈ കൊണ്ട് ഇരിക്കാനുള്ള ആംഗ്യം കാണിച്ചു.

'എല്ലാവരും നോക്കിയെഴുത്ത് എടുക്കൂ' സാറിന്റെ ഓര്‍ഡര്‍ വന്നു.

ബസ്സില്‍ കയറിയ ചെക്കര്‍ ടിക്കറ്റ് വാങ്ങി നോക്കുന്നപോലെ എല്ലാവരുടേയും ബുക്ക് വാങ്ങി പേജിന്റെ നടുവിലൂടെ ഒരു വര വരഞ്ഞ് കൊടുക്കുകയാണ് സോമന്‍ മാഷ്.

എന്റെ അടുത്തെത്തി, ബുക്കിനു പകരം ഞാനെന്റെ കൈ നീട്ടികൊടുത്തു.

ട്ടേ.. ട്ടേ..

പിന്നേ.. ഇതൊക്കെയൊരു അടിയാണോ? 'ഞമ്മളിതെത്ര കണ്ട്ക്ക്ണ്, ഇത് ചെറ്ത്' (കടപ്പാട്: പപ്പുച്ചേട്ടന്‍) ഇതിലും വലിയ അടി താങ്ങാനുള്ള ശേഷി എന്റെ ഉമ്മ ചെറുപ്പത്തിലേ എനിയ്ക്ക് ഉണ്ടാക്കിതന്നിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ അരക്ക് താഴോട്ടുള്ള ഭാഗം ഉമ്മയ്ക്ക് അവകാശപെട്ടതാണ്. അധിക സമയങ്ങളിലും എന്റെ തുടയും, പോളകമ്പനിയിലെ ചട്ട രണ്ടോ മൂന്നോ ഒരുമിച്ച് വച്ചതും തമ്മില്‍ ഭയങ്കര മത്സരമായിരിക്കും, ആരാണ് ആദ്യം പൊട്ടുക എന്ന കാര്യത്തില്‍. ആദ്യമൊക്കെ എന്റെ തുടകള്‍ പെട്ടെന്ന് കീഴടങ്ങിയിരുന്നെങ്കിലും നിരന്തരമായ പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ വിജയിക്കാന്‍ തുടങ്ങി. (എന്റെ ഒടുക്കത്തെ വാശികാരണം എന്നെ അടിച്ച് തളര്‍ത്തി ഉറക്കാറായിരുന്നെന്ന് ഉമ്മ എന്നോട് ഇപ്പഴും പറയാറുണ്ട്. പണ്ട് നല്ലോണം പൊട്ടിച്ചതുകൊണ്ടായിരിക്കാം വലുതായപ്പോള്‍ എല്ലാ സ്നേഹവുംകൂടെ ഒരുമിച്ച് തരുന്നത്) മദ്രസയില്‍ ചേര്‍ന്നത് മുതല്‍ കൈകളുടെ അവകാശം അവിടുത്തെ ഉസ്താദുമാര്‍ ഏറ്റെടുത്തു. എന്നെ അടിയ്ക്കാനെടുക്കുന്ന സമയം കാരണം മറ്റുകുട്ടികളുടെ പഠിപ്പ് മുടങ്ങുന്നു എന്ന പരാതിയെ മാനിച്ച് ഞാന്‍ ആറാംക്ലാസില്‍ വച്ച് മദ്രസാ പഠനം അവസാനിപ്പിച്ചു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ന്യൂ ബ്രെയിന്‍സുകാര്‍ എന്റെ കൈകളുടെ അവകാശം വീണ്ടും നേടിയെടുത്തിരിയ്ക്കുകയാണ്.

പ്രവീണ്‍ എനിയ്ക്ക് അടി കിട്ടിയത് കണ്ട് വായപൊത്തി ചിരിച്ചിട്ടാണ് അവന്റെ പുസ്തകം കൊടുത്തത്. സോമന്‍ സാര്‍ അതിലും വരയിട്ട് തിരിച്ചു കൊടുത്തു. തിരിച്ച് കൊടുത്ത പുസ്തകം പുള്ളി വീണ്ടും വാങ്ങിച്ച് വായിച്ചുനോക്കി. പിന്നെ സോമന്‍ മാഷ് അലറി.

'നീട്ടെടാ കൈ...'

'സാര്‍....'

'ഒരേ വരി പേജ് മുഴുവന്‍ എഴുതിവച്ചാല്‍ അറിയില്ലാന്ന് കരുതിയോ പ്രാന്താ...?'

ഠേ... ഠേ...

അവിടെ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടിയത് എന്റെ മനസ്സിലാണ്. എന്നും എന്റെകൂടെ സ്ഥിരമായിട്ട് അടി വാങ്ങിക്കുന്നവനാ... ഇന്നെന്നെ പറ്റിക്കാന്‍ നോക്കി. എന്നിട്ടെന്തായി... എഴുതിയത് വെറുതേ ആയി, നല്ല സ്ട്രോങ്ങില്‍ രണ്ട് അടിയും കിട്ടി.

ദി മൈസര്‍ എന്ന പാഠത്തിലെ റൂക്കോളിന്റെ കഞ്ഞിത്തരം വളരെ രസകരമായി എടുത്തുതരുകയാണ് സോമന്‍ മാഷ്. റൂക്കോള്‍ കെട്ട തക്കാളികൊണ്ട് കറിവച്ചതും, കീറിയ ചാക്ക് കൊണ്ട് ട്രൗസര്‍ അടിച്ചതുമെല്ലാം നര്‍മ്മത്തില്‍ ചാലിച്ച്, ക്ലാസ്സിനെ മൊത്തം ചിരിപ്പിച്ച് വളരേ രസകരമായി തന്നെ. ഇടക്കെപ്പഴോ ഞാന്‍ ഈ വെറുതേയിരിയ്ക്കുന്നതിന്റെ ക്ഷീണം കാരണം ഡെസ്കില്‍ തല വച്ച് ഉറങ്ങിപ്പോയി. ആരോ എന്നെ തട്ടിയുണര്‍ത്തുന്നു, എണീറ്റ് നോക്കിയപ്പോള്‍ സോമന്‍ മാഷ് മുന്നില്‍. ഞാന്‍ പതിവുപോലെ കൈ നീട്ടിക്കൊടുത്തു.

'വേണ്ട വേണ്ട... സുഖായി ഉറങ്ങിക്കൊ... എന്റെ പിരീഡ് കഴിഞ്ഞു. അത് പറയാന്‍ വേണ്ടി വിളിച്ചതാ...' എന്നും പറഞ്ഞ് സോമന്‍ മാഷ് പുറത്തേക്ക് പോയി.

'പണ്ടാരടങ്ങാന്‍ മനുഷ്യന്റെ ഉറക്കോം കളഞ്ഞ്, അടുത്ത പിരീഡ് ആരാടാ പ്രവീണേ?'

'വിശാഘന്‍ മാഷ്... ജിയോഗ്രഫി...'

'ഛെ... സോമന്‍ മാഷ് വെറുതേ എണീല്‍പ്പിച്ചു'

വിശാഘന്‍ മാഷ് ക്ലസ്സിലേക്ക് കയറിവന്നു, വീണ്ടും ഒരു ഗുഡ്മോര്‍ണിംഗ്.

പുറത്ത് നല്ല മഴയുണ്ട്. നല്ല കുളിരും...

'നല്ല മഴയല്ലേ?' വിശാഘന്‍ മാഷ് എല്ലാവരോടും കൂടെ ചോദിച്ചു.

'ഉം' ഞങ്ങളെല്ലാവരും മറുപടി പറഞ്ഞു

'ഇപ്പോ വെള്ളപ്പൊക്കം വന്നാല്‍ നമ്മളെന്തുചെയ്യും?'

ആ ചോദ്യം കേട്ടപ്പോള്‍ എല്ലാരും പരസ്പരം നോക്കി

ഞങ്ങളുടെ മൗനത്തെ ഭേദിച്ച് വിശാഘന്‍ മാഷ് തന്നെ പറഞ്ഞു
'വെള്ളപ്പൊക്കം വന്നാല്‍ ഞാന്‍ വടക്കോട്ടോടും, എനിയ്ക്ക് വടക്കറിയാം, ഞാനോടി ഹിമാലയത്തില്‍ കയറും, തെക്കും വടക്കും അറിയാത്ത നിങ്ങളൊക്കെ എന്തുചെയ്യും...?'

പിന്നേ... വടക്കോട്ടോടാന്‍ പോകുന്നു. ബാക്കിയുള്ളവന്റെ അരയ്ക്കൊപ്പം വെള്ളം മതി പുള്ളിയ്ക്ക് മുങ്ങിചാവാന്‍.

'ഞങ്ങളും സാറിന്റെ പിന്നാലെ ഓടും' ആരൊക്കെയോ ഒരുമിച്ചു പറഞ്ഞു.

വിശാഘന്‍ മാഷ് അഭിമാനത്തോടെ 'കൊള്ളാം' എന്ന് പറഞ്ഞു.

'അല്ല സാറേ... നമ്മളീ ഓടുന്നതിനിടയ്ക്ക് വല്ല പുഴയോ, കടലോ കണ്ടാലോ?' പ്രവീണിന്റേതായിരുന്നു സംശയം.

'നീന്തി കടക്കണം'... പുള്ളി ഒട്ടും കൂസലില്ലാതെ പറഞ്ഞു.

'സാറിന് നീന്തലറിയാമോ?' പ്രവീണ്‍ വിടുന്ന ലക്ഷണമില്ല.

ചമ്മിയ മുഖത്തോടെ സാറ് 'ഇല്ല' എന്ന് പറഞ്ഞു.

'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ചത്തൂടെ? വെറുതേയെന്തിനാ അന്യ നാട്ടില്‍ പോയി ചാവാന്‍ നില്‍ക്കണേ...?' ഈ പ്രാവശ്യം പ്രവീണിന് വിട്ടുകൊടുക്കാതെ ഞാന്‍ തന്നെ ചോദിച്ചു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരിയുണ്ടായി. വിശാഘന്‍ മാഷിന് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.

'ആ... മതി.. മതി, എല്ലാവരും ബുക്ക് എടുക്കൂ' ചൂരല്‍ കൊണ്ട് ഡസ്കില്‍ രണ്ടടി അടിച്ചുകൊണ്ട് വിശാഘന്‍ മാഷ് പറഞ്ഞു.

ജിയോഗ്രഫി, എന്റെ ആജന്മ ശത്രു. അക്ഷാംഷ രേഖ, ഭൂമദ്ധ്യ രേഖ എന്നൊക്കെ കേള്‍ക്കുംബഴേ എനിയ്ക്ക് തല ചുറ്റാന്‍ തുടങ്ങും. പിന്നെ ഒരു ബോധക്ഷയമാണ്, ആ ബോധക്ഷയത്തെ കൂടെ പഠിയ്ക്കുന്നവരും, സാറന്മാരും ഉറക്കം എന്നൊക്കെ പറയും, ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. ജിയോഗ്രഫിയോടുള്ള എന്റെ പ്രതിഷേധം S.S.L.C ബുക്കില്‍ രേഖപ്പെടുത്തുമെന്ന വാശിയിലാണ് ഞാന്‍.

എനിയ്ക്ക് തലകറക്കം അനുഭവപ്പെട്ടു, പിന്നീട് ബോധക്ഷയവും. എന്റെ കൂടെ ഇരിയ്ക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഈ രോഗം പ്രവീണിനും ഉണ്ട്. പെട്ടെന്നാണ് ചോക്കുകൊണ്ടുള്ള ഒരേറ് പ്രവീണിന് കിട്ടിയത്. അവന്റെ ചാടിയുള്ള എഴുനേല്‍പ്പ് എന്നേയും ഞെട്ടിയുണര്‍ത്തിച്ചു. ക്ലാസ്സില്‍ വീണ്ടും കൂട്ടച്ചിരിയുതിര്‍ന്നു. 'ബോധക്ഷയം വന്ന് തളര്‍ന്നുറങ്ങിയവരെ കളിയാക്കുന്നോ വൃത്തികെട്ടവന്മാരേ?'

'പറയെടാ... ഹിമാലയത്തിലെ സുഖവാസകേന്ദ്രങ്ങളുടെ പേര് പറയെടാ രണ്ടും?' വിശാഘന്‍ മാഷ് അലറി...

പിന്നേ.. സുഖവാസ കേന്ദ്രം... അതും ഇവിടെയെങ്ങും അല്ല, അങ്ങ് ഹിമാലയത്തില്‍. വല്ല ഊട്ടിയോ, കൊടൈക്കനാലോ, മസനഗുടിയോ, ഗുണ്ടല്‍പേട്ടയോ മറ്റോ ആണെങ്കില്‍ ആരെങ്കിലും പറഞ്ഞുകേട്ട അറിവെങ്കിലും ഉണ്ടായേനെ. പിന്നെ സുഖവാസം എന്തെന്ന് അറിഞ്ഞിട്ടുവേണ്ടേ സുഖവാസ കേന്ദ്രങ്ങളെ പറ്റി അറിയാന്‍. പത്താംക്ലാസ്സുകാരന്റെ ഓട്ടക്കീശയില്‍ എന്ത് സുഖവാസം.

'പറയെടാ വേഗം' സാറ് വീണ്ടും അലറി. നേരത്തെ ഒരു പണി അങ്ങോട്ടുകൊടുത്തതിന്റെ ദേഷ്യം കൂടെ ആ അലര്‍ച്ചയില്‍ ഉണ്ടോ എന്നൊരു സംശയം.

സ്നേഹമുള്ള പാവം കുട്ടികള്‍ ഞങ്ങളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ആ പേരുകള്‍ അവര്‍ മെല്ലെ പറഞ്ഞുതരുകയാണ് ഞങ്ങള്‍ക്ക്. പതിയ സ്വരത്തില്‍ 'ഡാര്‍ജലിംഗ്... ഡാര്‍ജലിംഗ്...' എന്ന് അവര്‍ പറയുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്തപാതി പ്രവീണ്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. 'ഡാര്‍ളിംഗ്'

'ഡാര്‍ളിംഗ് എന്ന് വിളിച്ചിട്ടൊന്നും കാര്യമില്ല, മരിയാദയ്ക്ക് ഉത്തരം പറയെടാ..' പണി കിട്ടിയതിന്റെ ദേഷ്യം സാറിനുണ്ടെന്ന് എനിയ്ക്കുറപ്പായി.

'ഡാര്‍ളിംഗ് അല്ല സാര്‍... ഡാര്‍ജലിംഗ്' അപ്പോഴേക്കും അവന്‍ ശരിക്ക് കേട്ടിരുന്നു.

'നീ ഇരിയ്ക്ക്... അടുത്തത് നീ പറയെടാ...' അതെ.. എന്നോട് തന്നെ

പ്രവീണ്‍ സഹതാപത്തോടെ എന്നെ നോക്കി. 'കള്ള സുബര്‍... നീയെന്നെ ഒറ്റയ്ക്കാക്കിയല്ലേ...' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നോടും സ്നേഹമുള്ള ആരൊക്കെയോ പിറുപിറുത്തു. കേട്ടപാതി കേള്‍ക്കാത്തപാതി ഞാനും പറഞ്ഞു... 'വസൂരി'

'വരുമെടാ... നിന്നെപോലുള്ള വൃത്തികെട്ടവന്മാര്ക്ക് വസൂരിയല്ല അതിനപ്പുറവും വരും' വിശാഘന്‍ മാഷിന് പതിവിലും കൂടുതലായി ദേഷ്യം വന്നു.

'വസൂരിയല്ല സാര്‍... മുസൂറി...' അപ്പോഴേക്കും കൂടെയുള്ളവര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരുത്തി. പക്ഷേ എന്റെ തിരുത്തലുകള്‍ ഒന്നും വിശാഘന്‍ മാഷ് അംഗീകരിച്ചില്ല.

'നീട്ടെടാ കൈ...' എന്നെ അടിക്കാതെ വിടില്ലയെന്ന് എനിയ്ക്കാ അലര്‍ച്ച കേട്ടപ്പോള്‍ മനസ്സിലായി. ഞാന്‍ കൈ നീട്ടികൊടുത്തു. അധികം ഉയരമില്ലാത്ത വിശാഘന്‍ മാഷ് വായുവില്‍ ഉയര്‍ന്നുപൊങ്ങി മുഴുവന്‍ ശക്തിയും എടുത്ത് ഒറ്റയടി.

അടി കിട്ടി എനിയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടില്ല, ഒരു രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സാറ് അലറിയതിനേക്കാളും ഉച്ചത്തിലാണ് ഞാന്‍ അലറിയത്. നല്ല മഴയത്ത് നല്ല ഉഗ്രന്‍ അടി... സാറ് പറഞ്ഞത്പോലെ വെള്ളപ്പൊക്കം വന്നു, അതെന്റെ കണ്ണിലായിരുന്നെന്ന് മാത്രം.

Tuesday, March 1, 2011

എനിയ്ക്കും പണികിട്ടി




പണികിട്ടിയാശാനേ.. പണികിട്ടി... മോഷണക്കാരുടെ വലയില്‍ എന്റെ ഒരു പോസ്റ്റും പെട്ടിരിയ്ക്കുന്നു എന്ന് www.kubboos.com (നന്ദി)വഴി അറിയാന്‍ കഴിഞ്ഞു. എന്റെ ആദ്യരാത്രി മറ്റൊരാളുടെ ആദ്യരാത്രിയായി മാറിയിരിയ്ക്കുന്നു. എന്തൊരു കഷ്ടം.. എന്തൊരു ലോകം...



ismail ( NOORIYANS) ഇയാളാനദ്ദേഹം.. 'കടവത്തൂര്‍ ദേശം'
പോസ്റ്റ് അവരുടേതാണെന്ന് തെളിയിക്കാനാണെന്നു തോന്നുന്നു ഇങ്ങനെ ഒരു കമന്റും ഇട്ടിരിയ്ക്കുന്നു

'ഇസ്മയില്‍ക്കാ ഈ കഥ കയിഞ്ഞ വര്‍ഷം ഫയസ്‌ ബുക്കില്‍ നിങ്ങള്‍എഴുതിയപ്പോള്‍ തന്നെ വായിച്ചിരുന്നു നിങ്ങള്‍ ചന്ദ്രിക വരാന്ത പതിപ്പില്‍ എഴുതിയ സൈക്കിള്‍ എന്ന ഒമാനിലെ പ്രവാസികളുടെ കഥ പറഞ്ഞ കഥയും വായിച്ചു ചന്ദ്രികയില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു'

നിങ്ങള്‍ക്കും നോക്കാം...
http://kadavathur.ning.com/profiles/blogs/5204129:BlogPost:21033



വായിക്കണമെംകില്‍ sign up ചെയ്യേണ്ടിവരും


കാര്യം കാണാന്‍

സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല.

'എടീ... ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും' അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു.

'എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ... ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ?'

'ചായ ആദ്യം കൊടുക്കണ്ടേ ആമിനാ...?'

'ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും... പോരെ?'

'അത് മതി'

അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു.

'ആമിനാ.. ഓനിങ്ങെത്തി..' എന്നും പറഞ്ഞ് സൈദാലിക്ക ഗേറ്റിനടുത്തേക്കോടി ഗേറ്റ് തുറന്നുകൊടുത്തു. നല്ല പുത്തന്‍ പുതിയ സുസൂക്കി സ്വിഫ്റ്റ് കാറ് സൈദാലക്കയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിര്‍ത്തി. കാറില്‍നിന്നും 35 നോടടുത്ത് പ്രായം തോന്നിയ്ക്കുന്ന മാന്യ വസ്ത്രധാരിയായ യുവാവ് പുറത്തിറങ്ങി. സൈദാലിക്ക അവനേയും കൂട്ടി അകത്തേക്ക് നടന്നു.

'മോന്‍ ചെരിപ്പൊന്നും അയിക്കണ്ട.. അങ്ങനെതന്നെ ഇങ്ങോട്ട് കേറിപ്പോര്'

സൈദാലിക്കയുടെ ആ വാക്ക് വകവെയ്ക്കാതെ അവന്‍ ചെരിപ്പ് പുറത്ത് അഴിച്ചുവച്ച് അകത്തേക്ക് നടന്നു.

'ആദ്യം ഞമ്മള്‍ക്കിത്തിരി ചായ കുടിക്കാം.. എന്നിട്ടാവാം ബാക്കി' എന്ന് പറഞ്ഞ് സൈദാലിക്ക അവനെ ഡൈനിംഗ് ടേബിളിനടുത്തേക്ക് കൂട്ടികൊണ്ട് പോയി. രണ്ടുപേരും ഇരുന്നു.. ആമിനതാത്ത ചൂടുള്ള ചായക്ലാസ് തട്ടവും കൂട്ടിപിടിച്ച് ടേബിളില്‍ കൊണ്ടുവച്ച് അവനോട് ചിരിച്ചു.

'മോന്‍ക്കായിട്ട് പ്രത്യേകം ഉണ്ടാക്കിയതാ.. നല്ലോണം കഴിക്കണട്ടോ... നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് പത്തിരി ഇട്ടുകൊടുക്കി മന്‍ഷ്യാ..' എന്നും പറഞ്ഞ് ആമിനത്താത്ത വീണ്ടും അടുക്കളയിലേക്ക് പോയി.

സൈദാലിക്ക അവന്റെ പ്ലേറ്റില്‍ കുറേ പത്തിരി ഇട്ടുകൊടുക്കുകയും കറി ഒഴിച്ചുകൊടുക്കുകയും ചെയ്തു. ആമിനത്താത്ത സൈദാലിക്കയ്ക്കുള്ള ചായയുമായി വന്നു.

'അന്നെ എടക്കെടക്ക് കാണാഞ്ഞാല് ഇനിക്കും സൈദാലിക്കക്കും വല്ലാത്ത പൊറുത്യേടാണ്, സൈദാലിക്ക എപ്പളും പറയും അന്നെ ഇങ്ങോട്ട് കണ്ടീലല്ലോ.. കണ്ടീലല്ലോന്ന്'

അതുകേട്ട് അവന്‍ സന്തോഷത്തോടെ ചിരിച്ചു.

'പിന്നേ... അന്റെ മക്കള്‍ക്ക് ഞാന്‍ കൊറച്ച് സമ്മൂസേം ഉന്നാക്കായേം ഒക്കെ ഉണ്ടാക്കി വെച്ച്ക്ക്ണ്. ആ മാക്സിക്കാരന്‍ വന്നപ്പോ അന്റെ പെണ്ണ്ങ്ങള്‍ക്ക് ഞാനൊരു മാക്സിയും വാങ്ങിച്ച്ക്ക്ണ്. പോവുംബോ എടുക്കാന്‍ മറക്കണ്ടട്ടോ. മാക്സി ഇഷ്ടപെട്ടീല്ല്യെങ്കില്‍ ഞമ്മക്ക് അത് മാറ്റട്ടോ.. നോക്കി നിക്കാണ്ടെ ഓന്‍ക്ക് കോയിക്കഷ്ണം ഇട്ട് കൊടുക്കി മന്‍ഷ്യാ...'

സൈദാലിക്ക അവന്റെ പ്ലേറ്റിലേക്ക് വീണ്ടും കോഴി ഇട്ടുകൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ സമ്മതിച്ചില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ സൈദാലിക്കയും അവനുംകൂടെ പുറത്തേക്ക് നടന്നു. 'മോന്‍ ഒന്നും കഴിച്ചില്ല' എന്ന് ആമിനത്താത്ത പരിഭവം പറഞ്ഞു. നിത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് അവന്‍ ഒരു ബാഗ് കയ്യിലെടുത്തു. ആ ബാഗുമായി അവന്‍ കാറിനകത്തേയ്ക്ക് കയറി ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. അവന്‍ വേഷം മാറിയിരിയ്ക്കുന്നു. കാക്കി നിറത്തിലുള്ള പട്ട ട്രൗസര്‍, ട്രൗസറിന്റെ അത്രപോലും നീളമില്ലാത്ത തോര്‍ത്ത്മുണ്ട് മുകളില്‍, തോര്‍ത്ത്മുണ്ട് അഴിഞ്ഞുപോകാതിരിക്കാന്‍ ചൂടികൊണ്ട് കെട്ടിയിരിയ്ക്കുന്നു. ബാഗില്‍നിന്ന് ഒരു മൂര്‍ച്ചയുള്ള അരിവാള്‍കൂടെ അവന്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഈ രൂപത്തില്‍ അവനെ കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'ഇപ്പോ ആ മൊളകമ്പ് ഇല്ല്യല്ലേ മോനേ രാമാ?'

'ഇല്ല സൈദാലിക്ക... അതൊക്കെ കൊണ്ട് നടക്കാന്‍ വല്ല്യ ബുദ്ദിമുട്ടല്ലേ?'

'മോനേ രാമാ... നീയാ ഇടിഞ്ഞ കൊലയൊക്കെ ഒന്ന് വലിച്ച് കെട്ടിക്കാളട്ടോ' ആമിനതാത്ത പറഞ്ഞു

'അതിന് ചൂടി എവിടെ ഇത്താ... ?'

'നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് ചൂടി എടുത്ത് കൊടുക്കി മന്‍ഷ്യാ.. ആ നെടുംബരേല്ണ്ട്'

'ആളൊരു മണുങ്ങൂസനാണ്' സൈദാലിക്ക നേടുംപുരയിലേക്ക് ചൂടിയ്ക്കായി ഓടിയപ്പൊള്‍ ആമിനതാത്ത രാമനോട് ഇങ്ങനെ പറഞ്ഞു കുണുങ്ങിചിരിച്ചു.

സൈദാലിക്ക വേഗം ചൂടിയുമായി വന്ന് രാമന് കൊടുത്തു.

രാമന്‍ ചൂടിയുമായി തെങ്ങിനുമുകളില്‍ കയറി. രാമന്‍ കയ്യിലേക്ക് നോക്കി ഇരിയ്ക്കുന്നത് കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'എന്തു പറ്റി രാമാ... കയ്യില് വല്ല ആരും കൊണ്ടോ?'

'ഏയ് ഇല്ല.. ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്ടേറ്റ് ചെയ്തതാണ്, തെങ്ങിന്റെ മണ്ടേലാണെന്ന്'

'എന്നാ പിന്നെ ആ ഓണങ്ങിയ ഓലന്റെ സ്റ്റാറ്റസും ഒന്ന് അപ്ടേറ്റ് ചെയ്തേക്ക്ട്ടോ, താഴെ എത്തീന്ന്' ഇതും പറഞ്ഞ് സൈദാലിക്ക നല്ലൊരു ചിരി പാസ്സാക്കി കൊടുത്തു.

ഫേസ്ബുക്കിനെ കുറിച്ചറിയാത്ത കിളവന്‍ എന്ന ഭാവത്തില്‍ രാമന്‍ പുച്ഛിച്ച് ചിരിച്ചു.

രാമന്‍ അരമണിക്കൂര്‍കൊണ്ട് അവന്റെ പണിയെല്ലാം ഭംഗിയായി തീര്‍ത്തു. ഒരു തേങ്ങ അരിവാളിലും മറ്റേത് കയ്യിലും പിടിച്ച് കാറിന്റെ ഡിക്കി തുറന്ന് ആ തേങ്ങ അവന്‍ അതിനകത്തേക്കിട്ടു. വീണ്ടും കാറിനകത്തേക്ക് കയറി, കാറിന്റെ ചെറു കുലുക്കം വീണ്ടും. പഴയപോലെ മാന്യമായ വസ്ത്രത്തില്‍ അവന്‍ പുറത്തിറങ്ങി. ബാഗ് ഡിക്കിയില്‍ കൊണ്ട് വച്ചു.

സൈദാലക്ക അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു, നാണം കലര്‍ന്ന ഒരു ചിരിയുമായി അവന്‍ അത് വാങ്ങി.

'രാമാ.. പോവല്ലേ..' എന്ന് പറഞ്ഞ് കയ്യില്‍ കുറച്ച് പൊതികളുമായി ആമിനതാത്ത വന്നു.

'നിങ്ങളിതൊക്കെ ഒന്ന് ഓന്റെ വണ്ടീല്‍ക്ക് വെച്ച് കൊടുക്കീന്ന്...' ആമിനതാത്ത സൈദാലിക്കയോട് ആവശ്യപെട്ടു.

സൈദാലിക്ക കാറിന്റെ പുറകിലെ ഡോര്‍ തുറന്ന് അവിടെ വച്ചിരിയ്ക്കുന്ന മറ്റു പൊതികളുടെ കൂട്ടത്തിലേയ്ക്ക് അവരുടെ പൊതിയും വച്ചുകൊടുത്തു. രാമന്‍ ചിരിച്ച് 'എന്നാല്‍ ശരി' എന്നും പറഞ്ഞ് വണ്ടിയുമായി പോയി.

ഗേറ്റടയ്ക്കാന്‍ സൈദാലിക്കയ്ക്കൊപ്പം ആമിനതത്തയും മുറ്റത്തേക്കിറങ്ങിചെന്നു.

'ഇന്റെ മക്കളെക്കൂടെ ഞാന്‍ ഇത്ര സ്നേഹത്തോടെ മോനേന്ന് വിളിച്ചിട്ടില്ല, ഇന്റെ മക്കള്‍ക്ക് വരേ ഞാന്‍ ഇങ്ങനെ തിന്നാന്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല.. ഈ തേങ്ങവലിക്കാരന്‍ ഹിമാറിനാണ് ഞാന്‍... 1500 ഉറുപ്പ്യാണ് ഓന്‍ മാസത്തിലൊരൂസം തേങ്ങ വലിക്കാന്‍ വര്ണതിന്റെ ചെലവ്' ആമിനതാത്ത ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

'സാരല്ല്യ ആമിനാ... ഇനിയിപ്പോ ഞമ്മക്കും ഞമ്മളെ മക്കള്‍ക്കും ഓരെ മക്കള്‍ക്കും ധൈര്യായിട്ട് തൊടീലൂടെ ഇറങ്ങി നടക്കാലോ.. മക്കള്‍ക്ക് എവിടെ വേണേലും കളിക്കാം. തേങ്ങ തലേല് വീഴും, ഓല മേല് വീഴും എന്നൊന്നും പേടിക്കണ്ടല്ലോ'

സൈദാലിക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആമിനതാത്തയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

******

പിന്‍ കുറിപ്പ്: തേങ്ങവലിക്കാരെ കിട്ടാനില്ലാത്ത ഈ സമയത്ത് ഇതുപോലുള്ള സല്‍ക്കാരങ്ങള്‍ നിങ്ങളും നടത്തേണ്ടി വന്നേക്കാം. ഈ കഥയ്ക്ക് ഒരു കടപ്പാട് രേഖപ്പെടുത്താനുണ്ട്. mayflowers ന്റെ 'ഇക്കരെ നിന്ന് ഉരുകുന്നവര്‍..' എന്ന പോസ്റ്റില്‍ തേങ്ങവലിക്കാരനെ ഫോണ്‍ ചെയ്ത് "പൊന്ന് മോനെ ഒന്ന് വന്ന് പറിച്ചു താ.." എന്ന വാചകത്തില്‍ നിന്നുമാണ് ഈ കഥ എഴുതാനുള്ള പ്രചോദനം ഉണ്ടായത്. രണ്ടര വര്‍ഷമായി തെങ്ങും, തേങ്ങാകുലയും, ഇളനീരും, തേങ്ങവലിക്കാരനേയും കാണാത്ത ഞാന്‍ അല്ലാണ്ടെ എങ്ങനെ എഴുതും ഇങ്ങനെ ഒരു കഥ. കറി വെയ്ക്കാന്‍ തേങ്ങ ഇല്ല എന്നുള്ളതല്ല, മുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കുന്ന മക്കളുടെ മേലോ, വഴിയില്‍ നടന്നുപോകുന്നവരുടെ മേലോ തേങ്ങയോ ഓലയോ വീഴുമോ എന്നതുതന്നെയാണ് പലരേയും ഭയപ്പെടുത്തുന്നത്.