Sunday, December 18, 2011

രണ്ടാം ആദ്യരാത്രി

അങ്ങനെ ആറ്റുനോറ്റുകാത്തിരുന്ന വിവാഹം കഴിഞ്ഞു. റിസപ്ഷന്‍ രാത്രിയായതുകാരണം കൃത്രിമചിരിയുമായി നിന്ന് മനുഷ്യന്റെ ഊപ്പാടം പൊളിഞ്ഞിരുന്നു. രാത്രി കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു - ഈ കുളിയും പല്ല്തേപ്പും കല്ല്യാണം കഴിഞ്ഞ അന്ന് മുതല്‍ തുടങ്ങിയതാണെന്ന് തെറ്റിധരിക്കേണ്ട. ഇതൊക്കെ എനിക്ക് പണ്ടേയുള്ള ശീലങ്ങളാണ് - വീഡിയോഗ്രാഫറുടെ ലൈറ്റിന്റെ ചൂടുകൊണ്ട് ഒരുപരുവത്തിലായ മുഖത്ത് തണുത്ത വെള്ളം വീണപ്പോള്‍ - ആഹ!!... എന്തൊരു സുഖം...

കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച് കണ്ടത്. റൂമിലെ ഹുക്കില്‍ ഒരു കയര്‍ തൂങ്ങികിടക്കുന്നു. നിമിഷങ്ങള്‍ക്കകം ആരോ വളരെ വിദഗ്ദമായി ഒരു തൊട്ടില കെട്ടിയിരിക്കുന്നു. അതില്‍ വലിയ ഇക്കായുടെ ചെറിയ മോന്‍ സുഖമായി കിടന്നുറങ്ങുന്നു. ഓമനത്തം തുളുമ്പുന്ന ആ മുഖത്തുനോക്കി അവന്റെ ഉമ്മയെ ഞാന്‍ തെറിവിളിച്ചു.  ഉമ്മയെ തെറിവിളിച്ചതുകൊണ്ടാവണം, അവനൊന്നു ഞരങ്ങി. കഴുത്തുറച്ചിട്ടില്ല, അതിനുമുന്നേ അവന്റെ ഉമ്മയെ തെറിവിളിച്ചപ്പോഴുള്ള രോഷം കണ്ടില്ലേ... ഞാന്‍ തൊട്ടിലിലേക്ക് നോക്കി പറഞ്ഞു

'ആദ്യരാത്രീല് മണിയറേല് കൊണ്ടോയി തൊട്ടില കെട്ടിയാല്‍ ആരായാലും തെറി പറയും, അതിന് നീ ചൂടായിട്ടൊന്നും കാര്യല്ല്യ.' അതിനവന്‍ പ്രതികരിച്ചില്ല... എന്റെ അവസ്ഥ അവന് മനസ്സിലായിക്കാണും.

അലമാരയില്‍നിന്നും കറുത്ത ട്രാക്സ്യൂട്ടും കറുത്ത ടീഷര്‍ട്ടും എടുത്തിട്ടു. രാത്രി പേരിനൊരു കള്ളിമുണ്ടുടുക്കുന്ന എന്റെ പാന്റും ടീഷര്‍ട്ടും ഇട്ട പ്രതിരൂപം  കണ്ണാടിയില്‍ കണ്ടപ്പോള്‍ എനിക്കു തന്നെ ചിരിവന്നു.  'ചിരിക്കെല്ലെടാ കോപ്പേ.. ഇന്ന് നിന്റെ ആദ്യരാത്രിയാ.. ഇങ്ങനത്തെ വേഷങ്ങളൊക്കെ കെട്ടേണ്ടിവരും' എന്ന് സ്വയം ശാസിച്ചു. എന്റെ കള്ളിമുണ്ടുകള്‍ എന്നെനോക്കി കണ്ണീര്‍ പൊഴിച്ചു. 'സങ്കടപ്പെടെല്ലെടാ മക്കളേ... ഇന്നൊരുദിവസം മാത്രം നമുക്ക് പിരിഞ്ഞിരിക്കാം..  ഞാന്‍ മുറിയ്ക്ക് പുറത്തേക്കിറങ്ങി.

കുടുംബക്കാരെല്ലാവരുംകൂടെ സല്ലപിച്ചിരിക്കുന്നതിനിടയിലേക്ക് ഞാന്‍ കയറിചെന്നപ്പോഴേക്കും കമന്റ് വന്നു

'അല്ല.. പുയാപ്ല എന്തേയ് കറപ്പും കറപ്പും ഇട്ട്ക്ക്ണ്'

'എന്നിലെ ബാച്ച്ലര്‍ മരിച്ചുപോയ ഈ ദിനം ഞാന്‍ കരിദിനമായി ആചരിക്കുന്നു... എന്തേയ്?'

'പെണ്ണ് കെട്ട്യപ്പളേക്കും അനക്ക് സാഹിത്യൊക്കെ വെരാന്‍ തൊടങ്ങ്യോ?'

'വെറ്തേ ആരാന്റെ എറച്ചി തിന്നാന്‍ നിക്കാണ്ടെ പോയി കെടന്നൊറങ്ങ്യാട്ടെ എല്ലും'

'ഓ... ഓന്‍ക്കിപ്പൊ ഞമ്മളെ ഒറക്കാനൊക്കെ വല്ല്യ തെരക്കാ... ഓളെ ഇപ്പൊ പറഞ്ഞയച്ചേരാം.. പോരെ?'

'എന്നാല്‍ ഇറച്ചി തീറ്റ നടക്കട്ടെ' ഒന്ന് ചൂളിപ്പോയെങ്കിലും അതു പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു.

'ഹും' എന്ന് മൂളിക്കൊണ്ട് അവര്‍ അന്താരാഷ്ട്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

കൂട്ടത്തില്‍നിന്നും ഇത്തായെ വിളിച്ച് ഞാന്‍ ചോദിച്ചു

'മോന്‍ ഒറങ്ങ്യല്ലേ?'

'ആ.. ഇപ്പൊ ഒറങ്ങിയിട്ടൊള്ളൂ' ഞാന്‍ ചെക്കനെ കളിപ്പിക്കാന്‍ വേണ്ടി അന്വേഷിച്ചപോലെയായിരുന്നു മറുപടി.

'മോന്‍ ഇനി എപ്പളാ ഓണര?'

'ഓനിനി പൊലര്‍ച്ചെ നാല് മണിയൊക്കാവും എണീക്കാന്‍'

'തന്നെല്ലേ... അതുവരെ ഞാനും ഇന്റെ പെണ്ണ്ങ്ങളും എവടാ കെടക്ക?'

'അല്ലാഹ്... അത് ഞാന്‍ മറന്ന് പോയതാണെടാ... ഇപ്പൊ മാറ്റിത്തര'

'ഒന്ന് വേഗായിക്കോട്ടെ'

'ഓ.. ഓന്റൊരു തെരക്ക്' എന്നും പറഞ്ഞ് ഒരു ആക്കിയ ചിരിയും ചിരിച്ച് ഇത്ത തൊട്ടിലയിലെ മോനേയും എടുത്ത് മറ്റു ഹുക്കും നോക്കി പോയി

*****

ഞാന്‍ റൂമില്‍ കയറി കതകടച്ച് ലാപ്ടോപ്പും പുറത്തെടുത്ത് അവളേയും കാത്തിരുന്നു. പുതിയാപ്ലക്ക് ആദ്യരാത്രി വരെ ഒഴിവില്ല, ദുബായില്‍ മല മറിക്കുന്ന പണിയാണെന്നൊക്കെ അവള്‍ കരുതിക്കോട്ടെ എന്നൊരു ദുരുദ്ദേശവും എനിക്കില്ലാതില്ല. ഈ ഓണംകേറാമൂലയിലെ പെണ്‍പിള്ളാരെല്ലാം ലാപ്ടോപ്പും മറ്റും കണ്ടിട്ടുണ്ടോ ആവോ എന്നും ചിന്തിച്ച് സലീംകുമാറിനെപോലെ ഊറി ചിരിച്ചു.

അവള്‍ റൂമിലേക്ക് കയറി വരുംബോള്‍ ഞാന്‍ ലാപ്ടോപ്പിന്റെ ഡെസ്ക്ടോപ്പില്‍നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്നു.

'ആഹ.. ലാപ്ടോപ്പൊക്കെ ഉണ്ടല്ലേ'

'ഉം..' ഞാന്‍ അഹങ്കാരത്തോടെ ഒന്ന് മൂളി

'HP യാണല്ലേ..?'

'അതെ... ഹിന്ദുസ്ഥാന്‍ പെട്രോളിയം'

എന്റെ തമാശയോടുള്ള അവളുടെ കോംപ്ലിമെന്റ് ചിരി കണ്ടപ്പോള്‍ അതൊരു വളിച്ച കോമഡിയായിപ്പോയെന്ന് മനസ്സിലായി

'ഏതാ പ്പ്രൊസസ്സറ്‍? i5 ആണോ അതോ i7 ആണോ?' അവളുടെ സംശയങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി

കുടുങ്ങ്യൊ പടച്ചോനെ? 'അതിപ്പോ... നല്ല പ്രൊസസ്സറാണ്...'

'ഹാര്‍ഡ് ഡിസ്ക് എത്രാ?'

'ഹാര്‍ഡ് ഡിസ്ക് കൂടുതലൊന്നും ഇല്ല്യ... ഒറ്റൊന്നൊള്ളൂ...'

അതുകേട്ട് ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു... 'റാം എത്രാ?'

'അല്ല മോളേ... ഞാന്‍ അറിയാത്തോണ്ട് ചോദിക്കാ... നിന്നെ കെട്ടിയത് ഈ കമ്പ്യൂട്ടറോ അതോ ഞാനോ?'

'എന്തേയ്?'

'ഇന്നെ പറ്റി ഒരക്ഷരം നീ ചോദിച്ചില്ലല്ലോ... അതുകൊണ്ട് ചോദിച്ചതാ...'

'ഇന്നെ ഇങ്ങള് ഒരു നോട്ടം പോലും നോക്കീലല്ലോ... അതോണ്ടാ ഞാനും കമ്പൂട്ടറിനെ പറ്റി ചോദിച്ചത്'

ഇവള് കൊള്ളാല്ലോ വീഡിയോണ്‍ - ഞാന്‍ മനസ്സില്‍ പറഞ്ഞു

സ്വര്‍ഗത്തിലെ തൊപ്പപുഴുവായി ഫോണ്‍ ശബ്ദിച്ചു. എനിക്കങ്ങ് ചൊറിഞ്ഞ് കയറി വരുന്നുണ്ടായിരുന്നെങ്കിലും അവളുടെ മുന്നില്‍നിന്നും ആദ്യമായി വന്ന ഫോണ്‍ അല്ലേ എന്നുകരുതി അറ്റെന്റ് ചെയ്തു.

'ഹല്ലോ... എന്താ പാട്? എന്തായി?'

'ഒക്കെ കഴിഞ്ഞു മോനേ... ഹൊ... സമാധാനായി'

'ഇത്ര പെട്ടെന്നോ..?'

'പെട്ടെന്നോ... അഞ്ച് മണിക്ക് തൊടങ്ങ്യ പരിപാട്യാണ്, പത്ത് മണി ആയിക്ക്ണ് ഒന്ന് കഴിഞ്ഞ് കിട്ടുംബൊ'

'പഹയാ... അന്നെ സമ്മതിക്കണം'

'ഇന്നെ സമ്മതിച്ചിട്ടൊന്നും കാര്യല്ല്യ... ആ അസ്കറും ഓന്റെ ചെക്കന്മാരും ഇല്ല്യെങ്കില്‍ കാണായിരുന്നു'

'ഏത് അസ്കറ്?'

'കല്ല്യാണപ്പരിപാടിന്റെ കോണ്ട്രാക്റ്റ് എട്ക്ക്ണ അസ്കറെടാ... അരക്കിണറ്ള്ള'

'ഓ.. നീ അപ്പൊ കല്ല്യാണത്തിന്റെ കാര്യാ പറയ്ണതല്ലേ... നശിപ്പിച്ചു'

'നീ പിന്നെ എന്താ വിചാരിച്ചത്?'

'അത് വിട്... ഓള് റൂമിലെത്ത്യോ?

'ആ.. എത്തിക്ക്ണ്'

'എന്റെ ഉപദേശം വല്ലതും?'

'വേണ്ട മോനേ... നീ ലുട്ടു അലിക്ക് കൊടുത്ത ഉപദേശം തന്നെ ധാരാളം'

'എന്നാപിന്നെ നടക്കട്ടെ... all the best... ഞാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാം'. തന്റേതുമാത്രമായ ഒരു ചിരിയിലൂടെ അവന്‍ പറഞ്ഞു.

'ആയിക്കോട്ടെ.. ഞാന്‍ ഫോണ്‍ സൈലന്റുമാക്കാം...' എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

'ആരാ വിളിച്ചത്?' അവള്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു

'എന്റെ ഒരു കൂട്ടുകാരനാ.. ദുബായീല്‍ന്നും. ഇത്രേം കാലം ദുബായില് ഉണ്ടായിരുന്നപ്പോ 30fils മുടക്കി 'സുഖാണോ?' എന്ന് ചോദിക്കാത്തവനാ... ആദ്യരാത്രി വിളിച്ചിരിക്കാ സുഖവിവരം അറിയാന്‍... അതും നട്ടപ്പാതിര ഒന്നര മണിക്ക്. അതും പോരാഞ്ഞ് ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാന്ന്. ഇവന്റെയൊക്കെ കയ്യുംകാലും വെട്ടി അടുപ്പിലിടണം.'

'സാരല്യ.. ചെങ്ങായിമാരല്ലേ... വിട്ടേക്കി' അവള്‍ മൃദുവായി പറഞ്ഞു എന്നെ തണുപ്പിക്കാന്‍ ശ്രമിച്ചു.

'മ്മ്...' നീ പറഞ്ഞതുകൊണ്ട് വിട്ടു എന്ന ഭാവത്തില്‍ ഞാന്‍ ഒന്ന് നീട്ടി മൂളി.

'ആര്‍ക്കോ കൊട്ത്ത ഉപദേശത്തിനെ പറ്റി പറഞ്ഞീലെ... അതെന്താ?'

അന്വേഷണം മാത്രമല്ല, ഫോണിലെ സംസാരങ്ങള്‍ നോട്ട് ചെയ്യാനും തുടങ്ങിയിരിക്കുന്നു. 'be careful man.. be careful' മനസ്സ് മന്ത്രിച്ചു..

'ഓ... അത് ലുട്ടു അലി എന്ന് പറഞ്ഞോന്‍ ഇവനോട് കല്ല്യാണത്തിന്റെ മുന്നെ ഒരു ഉപദേശം ചോദിച്ച്, എന്താ ആദ്യരാത്രി ചെയ്യണ്ടേന്ന്'

'എന്നിട്ട്?' അവളില്‍ ആകാംക്ഷ നിറഞ്ഞു

'ഓന്‍ പറഞ്ഞ്... ആദ്യം പെണ്ണിനോട് കുറേ സംസാരിക്ക... ഒരു അരമണിക്കുറൊക്കെ കഴിഞ്ഞ് മെല്ലെ ഓളെ തോളില്‍ കയ്യിട്, അപ്പൊ ഓള് തോളില്‍ന്നും കൈ തട്ടും. അത് കാര്യാക്കണ്ട.. പിന്നേം ഒരു 20 മിനുറ്റൊക്കെ സംസാരിച്ചിട്ട് തോളില്‍ കയ്യിട്, അപ്പൊ പിന്നേം തട്ടും. അതും കാര്യാക്കണ്ട... പിന്നേം ഒരു 10 മിനുറ്റൊക്കെ സംസാരിച്ചിട്ട് തോളില്‍ കയ്യിട്, അപ്പൊ ഓള് കയ്യ് തട്ടൂല, അപ്പൊ പിന്നെ കാര്യങ്ങളെല്ലാം ഓക്കെയാകും'

'എന്നിട്ട് ലുട്ടു പറഞ്ഞപോലെ ചെയ്തോ?'

'അതല്ലേ രസം... കല്ല്യാണം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ലുട്ടു ISD വിളിച്ചു ഇവനെ, എന്നിട്ട് പറഞ്ഞു 'അന്റെ ഒലക്കമ്മലെ ഒരു ഉപദേശം. രണ്ട് ദിവസായി ഞാന്‍ ഓളെ തോളില്‍ കയ്യിടാന്‍ തുടങ്ങിയിട്ട്, ഇതുവരെ കൈ അവിടെ വെക്കാന്‍ ഓള് സമ്മതിച്ചീല്ല്യ'
ഞങ്ങള്‍ രണ്ടുപേരും അത് പറഞ്ഞ് ഉറക്കെ ചിരിച്ചു.

ചിരി നിന്നപ്പോള്‍ ലാപ്പ് മടിയില്‍ വച്ച് കട്ടിലിലേക്ക് ചാരിയിരുന്ന്  അല്പ്പം വികാരാധീദനായി ഞാന്‍ പറഞ്ഞു

'ഇന്നെന്റെ രണ്ടാം ആദ്യരാത്രിയാണ്'

അതുവരെ അവളുടെ കവിളില്‍ ഉണ്ടായിരുന്ന ചുവപ്പ് പിന്നീട് കണ്ടത് കണ്ണിലാണ്, ഒരുനിമിഷം വിനയന്‍ സിനിമകളിലെ യക്ഷികളെ അനുസ്മരിപ്പിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ വെമ്പുന്നു. പണ്ടുകാലത്ത് ഭാര്യമാര്‍ ഭര്‍ത്താവിനെ ചിരവയ്ക്കാണടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ലാപ്ടോപ്പുകൊണ്ടാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ലാപ്പില്‍ മുറുക്കെ പിടിച്ചു.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ ഇടവരുത്താതെ ഞാന്‍ എന്റെ ആദ്യരാത്രി പോസ്റ്റ് അവളുടെ മുന്നിലേക്ക് നീട്ടിയിട്ട് പറഞ്ഞു... 'ഇതാണെന്റെ ആദ്യ ആദ്യരാത്രി... ഇതിനെപറ്റിയാണ് ഞാന്‍ പറഞ്ഞത്'

തട്ടംകൊണ്ട് കണ്ണുകള്‍ തുടച്ച് അവളത് വായിക്കാന്‍ തുടങ്ങി... മുഖത്ത് ഭാവങ്ങള്‍ ചിരിയായും, നിരാശയായും, പുഞ്ചിരിയായും, പൊട്ടിച്ചിരിയായും വിരിഞ്ഞു വരുന്നത് കണ്ണെടുക്കാതെ നോക്കിക്കൊണ്ട് ഞാന്‍ ഇരുന്നു. വായന കഴിഞ്ഞ് കൊതിപ്പിക്കുന്ന ചിരിയോടെ സംശയം കലര്‍ത്തി അവള്‍ ചോദിച്ചു..

'സത്യായിട്ടും ഇത് ഇങ്ങളെന്നാണോ എയ്ത്യത്?'

'അള്ളാണെ ഞാനാണ് എയ്ത്യത്'

'അപ്പൊ ഞാന്‍ ചോദിച്ചത് ഇങ്ങള്‍ക്ക് വെഷമായോ?'

'ഏയ്... ഈ ചോദ്യം കേട്ട് കേട്ട് തയങ്ങിക്ക്ണ്'

അതുകേട്ടപ്പോള്‍ അവള്‍ ചിരിച്ചു

ആ കൊതിപ്പിക്കുന്ന ചിരി മായാതെ അവള്‍ എന്നിലേക്കടുത്തുവന്നു, കണ്ണുകള്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു, അവളുടെ മുഖം ഒന്നുകൂടെ അടുത്തപ്പോള്‍ ഞാന്‍ അറിയാതെതന്നെ പതിയെ എന്റെ കണ്ണുകള്‍ അടഞ്ഞു.

ശബ്ദം താഴ്തി കോള്‍ഗേറ്റിന്റെ പരിമളം പരത്തി അവള്‍  പറഞ്ഞു - 'നന്നായിട്ടുണ്ട്'

ഛെ.. നശിപ്പിച്ച്..., പിന്നേ... നിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ടേ എനിക്ക് നാലക്ഷരം എഴുതാന്‍ - മനസ്സില്‍ - മനസ്സില്‍ മാത്രം പറഞ്ഞു.

പ്രതീക്ഷിച്ചത് കിട്ടാതെ നിരാശനായി കണ്ണ് തുറന്നപ്പോള്‍ അവളുടെ ചുണ്ടുകള്‍ എന്റെ കവിളില്‍ പതിച്ചു. ഇത്തവണ കണ്ണുകള്‍ അടയുന്നതിനുപകരം മലര്‍ക്കെ തുറന്നു.

അതേസമയം വലതുകൈ ബ്രൗസറിന്റെ ക്ലോസ് ബട്ടന്‍ ലക്ഷ്യമാക്കി നീങ്ങി. എന്റെ ബ്ലോഗ് URL തല്‍ക്കാലം അവളുടെ തലയില്‍നിന്നും ഇന്നസെന്റ്  പറഞ്ഞതുപോലെ 'മായ്ച്ചു കളഞ്ഞു... എല്ലാം മായ്ച്ചുകളഞ്ഞു' അദ്യം രണ്ടുപേരും പരസ്പരം മനസ്സിലാക്കിതുടങ്ങിയിട്ട് മതി ബ്ലോഗ് വായനയൊക്കെ. അല്ലാത്തപക്ഷം അത് എന്റെ ആരോഗ്യത്തിന് ഹാനികരമായിരിക്കും. 

അങ്ങനെ അവള്‍ ആദ്യരാത്രിയും ഞാന്‍ രണ്ടാം ആദ്യരാത്രിയും ആഘോഷിച്ചു തുടങ്ങി

********************

ഹലോ.. ഹലോ... വണ്ടി വിട്ടോളി... മണപ്പിച്ച് നില്‍ക്കണ്ട.. ഇനി ഇവിടുന്ന് ഒന്നും കിട്ടാനില്ല...

എടീ... ആ ലൈറ്റ് ഓഫ് ചെയ്താള...