Tuesday, September 11, 2012

പള്ളിയില്ലാത്ത അറബിനാട്

ഞാന്‍ താമസിക്കുന്നത് 'ചൈന'യിലാണ്. എന്റെ കൂട്ടുകാരന്‍ താമസിക്കുന്നത് 'മൊറോക്കോ'യില്‍. എന്നും ഞാന്‍ മൊറോക്കോയിലെ കൂട്ടുകാരന്റെ അടുത്ത് പോകും, ഞങ്ങള്‍ രണ്ടുപേരും കൂടെ ചൈന വഴി നടന്ന് പേര്‍ഷ്യയിലൂടെ തിരിച്ച് മൊറോക്കോയില്‍ എത്തും. വ്യാഴാഴ്ച്ചകളില്‍ ചിലപ്പോള്‍ ഇംഗ്ലണ്ടിലോ, ഫ്രാന്‍സിലോ പോകും. ഇംഗ്ലണ്ടില്‍ നല്ല ഒരു മലയാളി റെസ്റ്റോറെന്റുണ്ട്, അവിടുനിന്നാകും മിക്കവാറും ഭക്ഷണം കഴിക്കാറ്. റഷ്യയില്‍ പോയി ഒരുപ്രാവശ്യം വഴി തെറ്റിയതില്‍ പിന്നെ അങ്ങോട്ട് പോയിട്ടില്ല. ഇറ്റലിയും, സ്പെയിനും, ഗ്രീസും എല്ലാം അടുത്താണെങ്കിലും ഇതുവരെ പോയി നോക്കിയിട്ടില്ല.

ഇന്റര്‍നാഷണല്‍ സിറ്റി മാസ്റ്റര്‍ പ്ലാന്‍

ഒന്നും മനസ്സിലായില്ലല്ലേ...? ഇതാണ് ദുബായിലെ 'ഇന്റര്‍നാഷണല്‍ സിറ്റി'. ഇവിടെ നൂറുകണക്കിന് കെട്ടിടങ്ങളുണ്ട്. പല ക്ലസ്റ്ററുകളായി ഇതിനെ തരം തിരിച്ചിരിക്കുന്നു. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ചൈന, മൊറോക്കോ, പേര്‍ഷ്യ, റഷ്യ, സപെയിന്‍, ഗ്രീസ്, ഇറ്റലി, എമിറേറ്റ്സ് എന്നീപേരുകളില്‍ ക്ലസ്റ്ററുകള്‍ അറിയപ്പെടുന്നു. സിറ്റിയില്‍നിന്നും കുറേയകലെ ശാന്തസുന്ദരമായ ഒരിടം. ജനത്തിരക്ക് കുറവ്, ഓടാനും ചാടാനും കളിക്കാനും ഇഷ്ടംപോലെ സ്ഥലങ്ങള്‍. ജീവിക്കാന്‍ നല്ല സുഖം. ''യുണൈറ്റഡ് ഷിറ്റുകള്‍'' സംസ്കരിക്കുന്നതിന്റെ ഭാഗമായി ഇടക്കിടക്ക് ഞങ്ങളുടെ ഞെളിയന്‍ പറമ്പിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഒരു നാറ്റമുണ്ടാകും. അതിന്റെ സംസ്കരണശാല ഇവിടെ അടുത്താണ്. മറ്റ് ബുദ്ദിമുട്ടുകളൊന്നും ഇല്ല.

ഇന്റര്‍നാഷണല്‍ സിറ്റി 800 ഹെക്റ്ററിലായി വ്യാപിച്ച് കിടക്കുന്നു. 2010 ലെ കണക്കുകള്‍ പ്രകാരം ഇവിടെ ഒരു ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇപ്പോള്‍ വാടക നിലവാരം 2010 ലേതിനേക്കാളും താഴോട്ടുപോയതിനാല്‍ ഒന്നര ലക്ഷത്തിലധികം ഉണ്ടാകുമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ മിഷിനറി മാര്‍ക്കറ്റായ ഡ്രാഗണ്‍ മാര്‍ട്ട് (ചൈന മാര്‍ക്കറ്റ് എന്നും അറിയപ്പെടുന്നു) ഇന്റര്‍നാഷണല്‍ സിറ്റിയോട് ചേര്‍ന്ന് നില്‍ക്കുന്നു.

ഈ സ്ഥലത്തിന് ഒരു പോരായ്മയുള്ളത് പതിനായിരക്കണക്കിന് വരുന്ന മുസ്ലിം ജനതക്ക് പറയത്തക്ക പള്ളി ഇല്ല എന്നതാണ്. എല്ലാ പള്ളികളും കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായി നിര്‍മ്മിച്ചുനല്‍കുന്ന കക്കൂസുപോലത്തെ പള്ളികളാണ്, പെട്ടിക്കൂട്. ഇരുപത്തിയഞ്ചോ മുപ്പതോപേര്‍ക്ക് മാത്രം നിസ്കരിക്കാന്‍ കഴിയുന്നവ. ബാക്കിയുള്ളവര്‍ പുറത്ത് കട്ടപാകിയ ചെറിയ സ്ഥലത്ത് നിസ്കരിച്ചുകൊള്ളുക. അവിടെയും സ്ഥലം കിട്ടാത്തവര്‍ പൊള്ളുന്ന പൂഴിമണ്ണില്‍ നിസ്കാരപടമിട്ട് നിസ്കരിച്ചുകൊള്ളുക, ചൂടുകാലമായാലും നോമ്പായാലും ശരി.



ഇന്റര്‍നാഷണല്‍ സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ എടുത്ത് മറ്റെവിടെയെങ്കിലും പള്ളിയുണ്ടോ എന്ന് പരതി നോക്കിയപ്പൊള്‍ എമിറേറ്റ്സ് ക്ലസ്റ്ററില്‍ ചൈനയോടടുത്ത് ഒരു പള്ളി കാണിക്കുന്നുണ്ട്. മാപില്‍ പറഞ്ഞ സ്ഥലത്ത് ഒരു വലിയ കെട്ടിടം വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. ഞാന്‍ കാണുന്നാവരോടെല്ലാം പറഞ്ഞു. 'എമിറേറ്റ്സില്‍ പള്ളി വരുന്നൂ'. കേട്ടവര്‍ക്കെല്ലാം സന്തോഷമായി. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുംതോറും സന്തോഷം കൂടി വന്നു. ഞങ്ങളുടെ സന്തോഷത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി ആ കെട്ടിടത്തിന് മുകളില്‍ DEWA (Dubai Electricity & Water Authority) ബോര്‍ഡ് വച്ചു. ആ വലിയ കെട്ടിടം DEWA ഓഫീസ് ആയിരുന്നു.

പൊള്ളുന്ന വെയിലില്‍ റോഡിലെ നിസ്കാരം

അല്പം തണലിനായി പള്ളിക്കടുത്തുള്ള കെട്ടിടത്തിന്റെ വരാന്തയില്‍


നാട്ടില്‍ ഇവിടുത്തെ അറബികള്‍ പള്ളി പണിയാന്‍ മത്സരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇവിടുത്തെ പാവങ്ങള്‍ക്കെന്തേ (അതെ, പ്രവാസികള്‍ തന്നെയാണ് ഇവിടെ പാവങ്ങള്‍) അവര്‍ ഒരു പള്ളി പണിഞ്ഞുനല്‍കുന്നില്ല? എന്റെ നാട്ടില്‍ 40 കോടി മുടക്കി പള്ളിപണിയാനൊരുങ്ങുന്നവര്‍ അതില്‍നിന്ന് വെറും രണ്ട് കോടി മുടക്കി ഒരു പള്ളി ഞങ്ങള്‍ക്കിവിടെ പണിഞ്ഞുതരാനായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു. എയര്‍കണ്ടീഷനില്‍ ഇരിക്കണമെന്ന അതിമോഹം കൊണ്ടല്ല. നോമ്പ്കാലത്ത് ശരീരത്തെ ഉരുക്കികളയുന്ന വെയിലില്‍ ഏകാഗ്രതയോടെ രണ്ട് റകാഅത്ത് നിസ്കരിക്കാന്‍, കുറച്ച് സമയം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍... അത്രെയും മതി. ഇതിനെ അതിമോഹമെന്ന് ആര്‍ക്കെങ്കിലും വിളിക്കാനാകുമോ?...